ബ്ലോഗ് അവാര്‍ഡ്:പ്രശസ്ത ബ്ലോഗര്‍മാര്‍ക്ക് നാണക്കേട്
ബൂലോകം ഓണ്‍ലൈന്‍റെ അവാര്‍ഡ് വോട്ടെടുപ്പ് എന്തായി എന്നറിയാന്‍ ഭ്രാന്തനും അവിടെ ഒന്ന് പോയി. ഭ്രാന്തന്‍ നേരത്തെ ചൂണ്ടിക്കാട്ടിയതു പോലെ ഒരു മാനദണ്ഡവുമില്ലാതെ നടത്തുന്ന ഈ അവാര്‍ഡ് പ്രഹസനത്തില്‍ കണ്ട വോട്ടുകള്‍ ഭ്രാന്തനെ ഞെട്ടിച്ചു.
വോട്ട് ചെയ്യാതെ ഫലം അറിയാന്‍ നിര്വ്വാഹമില്ലാത്തതിനാല്‍ ഓരോ വിഭാഗത്തിലും പൊതുവെ അധികം പ്രശസ്തരല്ലാത്ത ബ്ലോഗര്‍മാര്‍ക്ക് വോട്ട് നല്‍കിയാണ് ഭ്രാന്തന്‍ ഫലം പരിശോധിച്ചത്.
പ്രശസ്തര്‍ പോലും വളരെ കുറച്ച് വോട്ടുകള്‍ മാത്രമുള്ളവരായി നില്‍ക്കുന്ന നാണം കെട്ട കാഴ്ചയാണ് ഭ്രാന്തന്‍ കണ്ടത്. പിന്നെ അപ്രശസ്ത ബ്ലോഗര്‍മാരുടെ കാര്യം പറയാനുണ്ടോ?
നര്‍മ ബ്ലോഗ് വിഭാഗം നോക്കാം. പ്രശസ്തരായ ഹാസ്യ ബ്ലോഗര്‍മാര്‍ അരുണ്‍ കായംകുളവും വാഴക്കോടനും വളരെ പിന്നില്‍ നില്‍ക്കുന്നത് തന്നെ വോട്ടിംഗ് യാതൊരു ദിശാബോധവുമില്ലാത്ത നിലയിലാണെന്നതിന്‍റെ സൂചനയാണ്. ഇവര്‍ ഇരുവരും മുന്നില്‍ ഇല്ലാത്ത വോട്ടെടുപ്പിന് എന്തടിസ്ഥാനമാണ് ഉള്ളത്?
മലയാള ബ്ലോഗ് ആകെ എടുത്താല്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള കവിതാ ഗ്രൂപ്പ് ബ്ലോഗുകളായ മലയാള കവിത, ബൂലോക കവിത, പുതു കവിത എന്നിവ ഗ്രൂപ്പ് ബ്ലോഗില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന കാഴ്ച ഭ്രാന്തനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. കവിത വായിക്കാന്‍ മാത്രം ബ്ലോഗ് നോക്കുന്ന നിരവധി പേരുള്ളപ്പോള്‍ എന്തുകൊണ്ട് ഒരു കവിതാ ഗ്രൂപ്പ് ബ്ലോഗ് പോലും മുന്നിലെത്തിയില്ല? വോട്ടിംഗ് ശരിയല്ല എന്നതിനു കൂടുതല്‍ ഉദാഹരണം വേണോ?
ഫോട്ടോ ബ്ലോഗ് വിഭാഗത്തില്‍ പൈങ്ങോടനും ഗുപ്തനും ഏറ്റവും പിന്‍ നിരയില്‍! വിശ്വസിക്കാനാവുന്നില്ല അത്.
മികച്ച ബ്ലോഗ് വിഭാഗത്തില്‍ ഒറ്റ വോട്ടു പോലും കിട്ടാത്ത ബ്ലോഗുമുണ്ട് എന്നു പറയുമ്പോള്‍ ഊഹിക്കുക ഈ വോട്ടിംഗിന്‍റെ അപ്രമാദിത്വം.
കവിതാ ബ്ലോഗുകളില്‍ പ്രമുഖമായ കുളക്കടക്കാലം ഉള്‍പ്പെടെ പ്രമുഖ കവിതാ ബ്ലോഗുകള്‍ സഹിതം പതിനൊന്ന് ബ്ലോഗുകള്‍ക്കാണ് ഒരൊറ്റ വോട്ടു പോലുമില്ലാത്തത്. അതേ സമയം, താരതമ്യേന പ്രിയങ്കരമല്ലാത്ത കവിതാ ബ്ലോഗുകള്‍ ഇവിടെ നല്ലതു പോലെ വോട്ട് പിടിച്ചിരിക്കുന്നു! ഇതെങ്ങനെ സംഭവിച്ചു? (സാമ്പിള്‍ വോട്ടെടുപ്പേ നിനക്ക് നന്ദി).
ഭ്രാന്തന്‍ പറഞ്ഞത് പൊളിയല്ലെന്ന് രണ്ട് ദിവസത്തെ വോട്ടിംഗു തന്നെ തെളിയിച്ചു.