2009, മേയ് 11, തിങ്കളാഴ്‌ച

നൈറ്റ് റൈഡേഴ്സിനിതെന്ത് പറ്റി?

ഐ.പി.എലില്‍ ഏറ്റവും അധികം മാധ്യമ ശ്രദ്ധ നേടിയ റ്റീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആണ്. ഷാരുഖ് ഖാന്‍റെ ഉടമസ്ഥതയിലുള്ള ടീം എന്നു മാത്രമല്ല, റിക്കി പോണ്ടിങ്ങും ഷോഹയ്ബ് അക്തറും ഗാംഗുലിയും ഇഷാന്ത് ശര്‍മയും കോച്ചായി സാക്ഷാല്‍ ബുക്കാനനും എല്ലാം ഒരുമിച്ചണി നിരന്ന ടീം. ആദ്യ ഐ.പി.എല്ലില്‍ ഇവരൊക്കെ ഉണ്ടായിരുന്നിട്ടും ടീം പിന്‍ നിരയില്‍ ആയി. ഇത്തവണ പോണ്ടിങ്ങും അക്തറും ഇല്ലെങ്കില്‍ക്കൂടി ദക്ഷിണാഫ്രിക്കയില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ച ടീം ഒരു ജയം നേടാന്‍ പോലും കിണഞ്ഞ് പരിശ്രമിക്കേണ്ട സ്ഥിതിയില്‍ എത്തിയിരിക്കുന്നു. ഇവര്‍ക്ക് എന്തു പറ്റി?

ടൂര്‍ണമെന്‍റ് തുടങ്ങുന്നതിനു മുന്‍പ് തന്നെ ക്യാപ്റ്റന്‍ സ്ഥാനത്തെച്ചൊല്ലിയുണ്ടായ വിവാദം ടീമിന്‍റെ ആത്മവിശ്വാസം പിന്നാക്കമാക്കി. പടക്കിറങ്ങും മുന്‍പേ സംശയിച്ചു നില്‍ക്കുന്ന അവസ്ഥ. ഗാംഗുലി ക്യാപ്റ്റനായി ഒരു അശ്വമേധത്തിനു തന്നെ തയ്യാറെടുക്കുമ്പോഴായിരിക്കണം കോച്ച് ബുക്കാനന്‍ നാലു ക്യാപ്റ്റന്മാര്‍ എന്ന തിയറി അവതരിപ്പിച്ച് എല്ലാവരെയും വെട്ടിലാക്കിയത്. നവീന ക്രിക്കറ്റിനു നവീന ആശയങ്ങള്‍ എന്നതാവാം കോച്ചിന്‍റെ തന്ത്രം. പക്ഷേ ഇത് വളരെ മുന്‍പേ അവതരിപ്പിക്കേണ്ടതായിരുന്നു. മത്സരത്തിനു തൊട്ടു മുന്‍പ് ക്യാപ്റ്റനെച്ചൊല്ലി ടീമിനെ സമ്മര്‍ദ്ദ്ദത്തിലാക്കാതെ കോച്ച് നോക്കേണ്ടതായിരുന്നു. ഇനി നാലു ക്യാപ്റ്റന്‍ തിയറി ഇപ്പോള്‍ അവര്‍ ഗ്രൗണ്ടില്‍ അവതരിപ്പിക്കുന്നുണ്ടോ എന്ന് നോക്കുക? ആകെ മക്കല്ലത്തെ മാത്രമെ ക്യാപ്റ്റനായി കാണാനുള്ളൂ.

ക്യാപറ്റനാകുന്നതില്‍ നിന്ന് ഗാംഗുലിയെ നിരുല്‍സാഹപ്പെടുത്തുകയായിരുന്നുവെങ്കില്‍കൂടി അദ്ദേഹത്തെ ഉപയോഗിച്ച് ടീമില്‍ ചെയ്യാന്‍ പലതുമുണ്ടായിരുന്നു. സാധാരണ കളിക്കാനായി കഴിഞ്ഞ വര്‍ഷം ഓസ്റ്റ്റേലിയന്‍ പര്യടനത്തിനു പോയ ഗാംഗുലിയുടെ മനക്കരുത്ത് കണ്ടതാണ്. കൂടാതെ ദക്ഷിണാഫ്രിക്കയില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ 'തിരിച്ചു വരവ്' ഗംഭീരമാക്കിയ കളിക്കാരന്‍. ഇതിനുമപ്പുറം ദക്ഷിണാഫ്രിക്കന്‍ പിച്ചുകളില്‍ നടന്ന ഒരു ലോകകപ്പില്‍ അന്നത്തെ നിലയില്‍ ഒരു ആവറേജ് ടീമിനെ(?) ഫൈനലില്‍ നയിച്ച ക്യാപ്റ്റന്‍. ഇതൊന്നും കണക്കിലെടുക്കാന്‍ നൈറ്റ് റൈഡേഴ്സ് ടീം മറന്നോ? ഗാംഗുലിയെ മക്കല്ലത്തിനൊപ്പം ഓപ്പണറാക്കാമായിരുന്നു. അല്ലെങ്കില്‍ മിഡില്‍ ഓര്‍ഡറീല്‍ നങ്കൂരമാക്കാനായി(ഇത് ഒട്ടോക്കെ ഭംഗിയായി ഇപ്പോള്‍ ഗാംഗുലി ചെയ്യുന്നു) ഉത്തരവാദിത്തം ഏല്പ്പിക്കാമായിരുന്നു. പേസര്‍മാര്‍ തല്ലു വാങ്ങുന്ന മത്സരങ്ങളില്‍ തുറുപ്പ് ശീട്ട് ബൗളറാക്കാമായിരുന്നു. ഒപ്പം തീര്‍ച്ചയായും ഫീല്‍ഡിങ്ങില്‍ ഗാംഗുലിയുടെ ഉപദേശം തേടണമെന്ന് ക്യാപ്റ്റനോട് പറയാമായിരുന്നു. ഇപ്പോള്‍ ഗാംഗുലി ഫീല്‍ഡില്‍ വെറും പ്രേക്ഷകന്‍ മാത്രം.

ക്യാപ്റ്റന്‍ ഗാംഗുലിയല്ല എങ്കില്‍ അതിനു ഏറ്റവും പറ്റിയത് നിശ്ചയമായും ഗൈല്‍ ആയിരുന്നു. ക്യാപ്റ്റനായി മികച്ച ഇന്നിങ്സുകള്‍ കളിച്ച പരിചയം മാത്രമല്ല, സ്പിന്നര്‍ എന്ന നിലയിലും ഗൈല്‍ ഉപയോഗപ്പെട്ടേനെ. മക്കല്ലത്തിന്‍റെ ക്യാപ്റ്റന്‍സി റെക്കോഡ് ഭദ്രമല്ല. അദ്ദേഹം വളരെ സമ്മര്‍ദ്ദത്തിലാവുകയും ബാറ്റിങ്ങിനെ ബാധിക്കുകയും ചെയ്തു. വിക്കറ്റ് കീപ്പര്‍ പൊസിഷനില്‍ നിന്നു മക്കല്ലം മാറിയതോടെ മറ്റൊരു വിദേശ കളിക്കാരനെ മത്സരത്തില്‍ പങ്കെടുപ്പിക്കാനുള്ള സാധ്യത നഷ്ടമായി. പകരം ബുക്കാനന്‍ പറഞ്ഞത് ഐ.പി. എല് ഭാരവാഹികള്‍ അഞ്ച് വിദേശ കളിക്കാരെ കളത്തില്‍ അനുവദിക്കണമെന്നാണ്. സ്വന്തം ഫീല്‍ദിങ്ങില്‍ നിറയെ പിഴവുകള്‍ വരുത്തിയ മക്കല്ലം, ക്യാപ്റ്റനായി ഗ്രൗണ്ട് പൊസിഷനുകളില്‍ എടുത്ത തീരുമാനങ്ങള്‍ മിക്കവാറും യാന്ത്രികമായിരുന്നു. ബാറ്റ്സ്മാന്‍ എന്ന നിലയിലോ ക്യാപ്റ്റനായോ അദ്ദേഹം തിളങ്ങിയിട്ടില്ല ഇതു വരെ.

ടീം സെലക്ഷന്‍ പലപ്പോഴും പാളുന്നത് കണ്ടു. ഹെന്‍റിക്ക്സ് എല്ലാ മത്സരവും കളിക്കാനത്ര ഉഗ്രന്‍ കളിക്കാരനാനോ? വാന്‍ വിക്ക് ഒരു കളിയില്‍ നന്നായി ബാറ്റു ചെയ്തെന്നല്ലാതെ വിക്കറ്റ് കീപ്പിങ് സാധാരണം മാത്രമാണ്. ഇവരെ രണ്ടാളെയും ഗൈല്‍ പോയ ശേഷം എല്ലാ മത്സരത്തിലും ഇറക്കുക വഴി വിദേശ കളിക്കാരെ വച്ച് പരീക്ഷണങ്ങള്‍ നടത്താനുള്ള അവസരമില്ലാതായി. ലക്ഷ്മീരത്തന്‍ ശുക്ല ആദ്യ മത്സരങ്ങള്‍ക്ക് ശേഷം ടീമിലില്ല. മുര്‍ത്താസ എന്ന ഫാസ്റ്റ് ബൗളര്‍ ബെഞ്ചിലിരുന്ന് തുരുമ്പിക്കുന്നു. ഡിന്‍ഡയുടെ ബൗളിങ് തീരെ ഗുണകരമായില്ല. അഗാര്‍ക്കര്‍ പതിവു പോലെ സ്ഥിരത പുലര്‍ത്താതെ ബൗള്‍ ചെയ്തു. ഓള്‍ റൗണ്ടര്‍ ഡേവിഡ് ഹസിക്ക് ടീമില്‍ ഇടം കൊടുക്കാതെ ഡല്‍ഹിക്കെതിരെ രണ്ടാം മത്സരത്തില്‍ ഇറങ്ങിയതും ശരിയായില്ല.

ടീമിനെ ഇന്ത്യന്‍ കളിക്കാരില്‍ ഇഷാന്ത്, ഗാംഗുലി, ശുക്ല തുടങ്ങിയവര്‍ ഒഴിച്ചാല്‍ വളരെ കുറഞ്ഞ് നിലവാരം പുലര്‍ത്തിയ കളിക്കാരായിരുന്നു മറ്റുള്ളവര്‍. മറ്റ് ടീമുകളില്‍ ഇന്ത്യന്‍ കളിക്കാര്‍ 40 - 60 ശതമാനം വരെ നിര്‍ണായക ഘടകമാകുമ്പോളാണ് ഫീല്‍ഡിങ്ങില്‍ പോലും നൈറ്റ് റൈഡേഴ്സിന്‍റെ ഇന്ത്യന്‍ കളിക്കാല്‍ ഭൂരിഭാഗവും ദയനീയമായി കളിച്ചത്.

മികച്ച സ്പിന്നര്‍മാരില്ലാതെ ദക്ഷിണാഫ്രിക്കന്‍ പിച്ചുകളില്‍ ഇറങ്ങിയത് അബദ്ധമായിരുന്നു. അജന്ത മെന്‍ഡിസ് ഉപയോഗപ്പെട്ടില്ല. കാര്‍തിക്ക് താളം കണ്ടെത്താനാവാതെ വിഷമിക്കുന്നു. മറ്റ് ടീമുകള്‍ നിര്‍ണായക വിജയങ്ങള്‍ക്ക് സ്പിന്നര്‍മാരുടെ മികവിനെ ആശ്രയിക്കുമ്പോഴാണിത്. ദക്ഷിണാഫ്രിക്കയില്‍ പൊതുവെ ഫാസ്റ്റ് പിച്ചുകള്‍ ആണെങ്കിലും ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് തന്നെ കളി ജയിപ്പിക്കാന്‍ ട്വന്‍റി20 പോലെ ഒരു ഫോര്‍മാറ്റില്‍ കഴിയില്ല എന്ന് ടീം മറന്നുപോയി.

രാജസ്ഥാനെതിരെ ആദ്യ മത്സരത്തില്‍ സൂപ്പര്‍ ഓവര്‍ വഴങ്ങിയത് ആണ് നൈറ്റ് റഡേഴ്സിനു ടൂര്‍ണമെന്‍റിലെ വഴിത്തിരിവു ആയത്. ആ മത്സരം സൂപ്പര്‍ ഓവറിനു മുന്‍പേ ജയിക്കണമായിരുന്നു. സൂപ്പര്‍ ഓവര്‍ എറിയാന്‍ ഇഷാന്തിനെപ്പോലെ കഴിവുള്ള ഫാസ്റ്റ് ബൗളര്‍ ഉള്ളപ്പോള്‍ ഒരു സ്പിന്നറെ എടുത്ത തീരുമാനം എടുത്തവര്‍ ആരായാലും മണ്ടത്തരമായി. അന്ന് അടിച്ചു തകര്‍ത്ത യൂസൗഫ് പത്താന്‍റെ പിന്നീടിങ്ങോട്ടുള്ള വളര്‍ച്ച കാണുക.

5 comments:

ഭ്രാന്തന്‍... 2009, മേയ് 11 2:34 PM  

ദക്ഷിണാഫ്രിക്കയില്‍ പൊതുവെ ഫാസ്റ്റ് പിച്ചുകള്‍ ആണെങ്കിലും ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് തന്നെ കളി ജയിപ്പിക്കാന്‍ ട്വന്‍റി20 പോലെ ഒരു ഫോര്‍മാറ്റില്‍ കഴിയില്ല എന്ന് ടീം മറന്നുപോയി.

ശ്രീ 2009, മേയ് 12 3:55 AM  

ശരിയാണ്, നൈറ്റ് റൈഡേഴ്സ് ഇത്തവണ എങ്കിലും തിരിച്ചു വരവ് നടത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

simy nazareth 2009, മേയ് 13 6:55 AM  

still why are they keeping bhooka naan

ഹന്‍ല്ലലത്ത് Hanllalath 2009, മേയ് 14 2:34 PM  

ഇപ്പൊ ആ ടീമിനെ കാണുമ്പോ കരച്ചില്‍ വരുന്നു...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു യഥാര്‍ത്ഥ ഐ.ഡി യിലൂടെ അഭിപ്രായം പറഞ്ഞോളൂ. അല്ലാത്തവ ഡിലീറ്റ് ചെയ്യപ്പെടും